കൂട്ടിലങ്ങാടിയിലേക്ക് താങ്കളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു............

Sunday, October 11, 2009

ചരിത്രത്തിലേക്കൊരു പാലം



കൂട്ടിലങ്ങാടിയിലെ പഴയപാലം, പേര് സൂചിപ്പിക്കുന്നതുപ്പോലെ ഒരുപാട് പഴക്കമുണ്ടിതിന് ബ്രിട്ടീഷ്കാരുടെ ഭരണകാലത്ത് സൈനിക-യാത്രാ, ചരക്ക് കടത്ത് എന്നിവയ്ക്കായി നിര്‍മ്മിച്ചതാണെത്രേ. ഇരുമ്പിലാണിതിന്റെ നിര്‍മ്മിതി ഇപ്പോഴിത് ക്ഷയിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് പ്രധാന പാലങ്ങളിലൊന്നായിരുന്നു ഇതെങ്കിലും ഇന്ന് ഇതിലെ കാല്‍നട മാത്രമേ സാധ്യമാകൂ. മീറ്ററുകള്‍ക്കപ്പുറം പുതിയ പാലം ഉണ്ടെങ്കിലും കാവുങ്ങല്‍, കാളംമ്പാടി, കൂട്ടുമണ്ണ പ്രദേശത്തുകാര്‍ക്ക് ഈ പാലം ഒഴിച്ചുകൂടാനാവാത്ത ഒരു നടപ്പാലമാണ്. വര്‍ഷങ്ങളായി ഇതിലൂടെ വാഹനങ്ങള്‍ അനുവദിക്കാറില്ല. കൂട്ടിലങ്ങാടിയും കൂട്ടിലങ്ങാടികാരും ഈ പാലത്തെ നെഞ്ചിലേറ്റിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഒരിക്കല്‍ ഈ പാലം പൊളിച്ചു കളയാനുള്ള അധികൃതരുടെ ഉത്തരവിനെതിരെയുള്ള ജനകീയ കൂട്ടായ്മ. പ്രകൃതിയുടെയും സാമൂഹ്യദ്രോഹികളുടെയും കൈകടത്തലുകളില്‍ ഒരുപാട് ക്ഷയം സംഭവിച്ചുവെങ്കിലും പഴയപാലത്തിന്റെ പ്രൗഢി ഇന്നും നഷ്ടമായിട്ടില്ല. ഓരോ കൂട്ടിലങ്ങാടിക്കാരന്റേയും മനസ്സില്‍ നിന്നും കൂട്ടിലങ്ങാടി ചരിത്രത്തിലേക്കുള്ള ഒരു പാലമായി നിലയുറപ്പിച്ചിരിക്കുകയാണിത്.

Monday, October 5, 2009

ദൈവത്തിന്റെ സ്വന്തം ഗ്രാമം



മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് 3-4 കി.മീ. അകലത്തില്‍ പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമം. നയനമനോഹരിയായ കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയെ അലങ്കരിക്കുന്നു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന ഈ ഗ്രാമം പ്രകൃതി രമണീയമാണ്. ഹിന്ദു-മുസ്ലിം-ക്രൈസ്തവര്‍ വളരെ ഐക്യത്തോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ ആസ്ഥാനം പടിഞ്ഞാറ്റുംമുറിയാണ്. കൂട്ടിലങ്ങാടിക്ക് ഈ പേരുവന്നതിനെപ്പറ്റി ഒട്ടനവധി അഭിപ്രായങ്ങളുണ്ടെങ്കിലും എനിക്ക് കൗതുകം തോന്നിയ ഒന്നിവിടെ പ്രസ്താവിക്കാം. ഈ ഗ്രാമത്തിന്റെ പരിസരത്തെ പഴമള്ളൂര്‍, കുറുവ, പടിഞ്ഞാറ്റുമുറി, പാറടി, ചെലൂര്‍, കടൂപുറം തുടങ്ങിയ കൊച്ചു കൊച്ചു അങ്ങാടികളെ കൂട്ടിയോജിപ്പിക്കുന്നത് കൂട്ടിലങ്ങാടി കവലയാണ് (കൂട്ടുക+അങ്ങാടി). ഇന്നത്തെ കൂട്ടിലങ്ങാടി മുന്‍കാലങ്ങളില്‍ 'കടത്ത്' എന്നറിയപ്പെട്ടിരുന്നു. അക്കാലത്ത് കീരംകുണ്ട് അങ്ങാടിയായിരുന്നു കൂട്ടിലങ്ങാടി (ഇപ്പോഴത് പഴയ-കൂട്ടിലങ്ങാടിയായിരിക്കുന്നു)
എം.എസ്.പി.ക്യാമ്പ്, ബി.എഡ്.സെന്റര്‍, സ്കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ ഒട്ടനവധിയുള്ള ഒരു ഗ്രാമമാണിത്. കേരളത്തിലെ പ്രധാന ഹൈവേകളിലൊന്നായ കോഴിക്കോട്-പാലക്കാട് റോഡ് കൂട്ടിലങ്ങാടിയിലൂടെ കടന്നുപോകുന്നതിനാല്‍ ഏതു സമയത്തും ഇവിടേക്കുള്ള യാത്ര സുഖമമാണ്.