കൂട്ടിലങ്ങാടിയിലേക്ക് താങ്കളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു............

Monday, October 5, 2009

ദൈവത്തിന്റെ സ്വന്തം ഗ്രാമം



മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് 3-4 കി.മീ. അകലത്തില്‍ പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമം. നയനമനോഹരിയായ കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയെ അലങ്കരിക്കുന്നു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന ഈ ഗ്രാമം പ്രകൃതി രമണീയമാണ്. ഹിന്ദു-മുസ്ലിം-ക്രൈസ്തവര്‍ വളരെ ഐക്യത്തോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ ആസ്ഥാനം പടിഞ്ഞാറ്റുംമുറിയാണ്. കൂട്ടിലങ്ങാടിക്ക് ഈ പേരുവന്നതിനെപ്പറ്റി ഒട്ടനവധി അഭിപ്രായങ്ങളുണ്ടെങ്കിലും എനിക്ക് കൗതുകം തോന്നിയ ഒന്നിവിടെ പ്രസ്താവിക്കാം. ഈ ഗ്രാമത്തിന്റെ പരിസരത്തെ പഴമള്ളൂര്‍, കുറുവ, പടിഞ്ഞാറ്റുമുറി, പാറടി, ചെലൂര്‍, കടൂപുറം തുടങ്ങിയ കൊച്ചു കൊച്ചു അങ്ങാടികളെ കൂട്ടിയോജിപ്പിക്കുന്നത് കൂട്ടിലങ്ങാടി കവലയാണ് (കൂട്ടുക+അങ്ങാടി). ഇന്നത്തെ കൂട്ടിലങ്ങാടി മുന്‍കാലങ്ങളില്‍ 'കടത്ത്' എന്നറിയപ്പെട്ടിരുന്നു. അക്കാലത്ത് കീരംകുണ്ട് അങ്ങാടിയായിരുന്നു കൂട്ടിലങ്ങാടി (ഇപ്പോഴത് പഴയ-കൂട്ടിലങ്ങാടിയായിരിക്കുന്നു)
എം.എസ്.പി.ക്യാമ്പ്, ബി.എഡ്.സെന്റര്‍, സ്കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ ഒട്ടനവധിയുള്ള ഒരു ഗ്രാമമാണിത്. കേരളത്തിലെ പ്രധാന ഹൈവേകളിലൊന്നായ കോഴിക്കോട്-പാലക്കാട് റോഡ് കൂട്ടിലങ്ങാടിയിലൂടെ കടന്നുപോകുന്നതിനാല്‍ ഏതു സമയത്തും ഇവിടേക്കുള്ള യാത്ര സുഖമമാണ്.

1 comment:

Nasar Mahin said...

നൗഷാദ്‌.. വളരെ ആകര്‍ഷണീയം! എന്നാലും "ദൈവത്തിന്റെ സ്വന്തം ഗ്രാമം" എന്ന് വേണ്ടിയിരുന്നില്ല. എല്ലാ ഗ്രാമങ്ങളും നാടുകളും ദൈവത്തിന്റെ സ്വന്തം തന്നെയല്ലേ?!

നമ്മുടെ ഗ്രാമത്തിനെ എന്നെങ്കിലും ഒരു Utopia ആക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അന്ന് നമുക്കതിനു "ദൈവത്തിന്റെ സ്വന്തം ഗ്രാമം" എന്ന് നാമകരണം ചെയ്യാം.

പിന്നെ 'കടത്ത്‌ ' എനിക്ക് തോന്നുന്നത് ശരിക്ക് "കടവത്ത്‌" എന്നായിരിക്കാം. അത് നമ്മുടെ താഴെ അങ്ങടിക്കടുത്ത് ചെറുപുഴയും കടലുണ്ടി പുഴയും സംഗമിക്കുന്നിടമാവാം. അതിന്നായിരിക്കാം "കടത്ത്‌" എന്ന പേര് വന്നത്.