
കൂട്ടിലങ്ങാടിയിലെ പഴയപാലം, പേര് സൂചിപ്പിക്കുന്നതുപ്പോലെ ഒരുപാട് പഴക്കമുണ്ടിതിന് ബ്രിട്ടീഷ്കാരുടെ ഭരണകാലത്ത് സൈനിക-യാത്രാ, ചരക്ക് കടത്ത് എന്നിവയ്ക്കായി നിര്മ്മിച്ചതാണെത്രേ. ഇരുമ്പിലാണിതിന്റെ നിര്‍മ്മിതി ഇപ്പോഴിത് ക്ഷയിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് പ്രധാന പാലങ്ങളിലൊന്നായിരുന്നു ഇതെങ്കിലും ഇന്ന് ഇതിലെ കാല്‍നട മാത്രമേ സാധ്യമാകൂ. മീറ്ററുകള്‍ക്കപ്പുറം പുതിയ പാലം ഉണ്ടെങ്കിലും കാവുങ്ങല്‍, കാളംമ്പാടി, കൂട്ടുമണ്ണ പ്രദേശത്തുകാര്‍ക്ക് ഈ പാലം ഒഴിച്ചുകൂടാനാവാത്ത ഒരു നടപ്പാലമാണ്. വര്‍ഷങ്ങളായി ഇതിലൂടെ വാഹനങ്ങള്‍ അനുവദിക്കാറില്ല. കൂട്ടിലങ്ങാടിയും കൂട്ടിലങ്ങാടികാരും ഈ പാലത്തെ നെഞ്ചിലേറ്റിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഒരിക്കല്‍ ഈ പാലം പൊളിച്ചു കളയാനുള്ള അധികൃതരുടെ ഉത്തരവിനെതിരെയുള്ള ജനകീയ കൂട്ടായ്മ. പ്രകൃതിയുടെയും സാമൂഹ്യദ്രോഹികളുടെയും കൈകടത്തലുകളില്‍ ഒരുപാട് ക്ഷയം സംഭവിച്ചുവെങ്കിലും പഴയപാലത്തിന്റെ പ്രൗഢി ഇന്നും നഷ്ടമായിട്ടില്ല. ഓരോ കൂട്ടിലങ്ങാടിക്കാരന്റേയും മനസ്സില്‍ നിന്നും കൂട്ടിലങ്ങാടി ചരിത്രത്തിലേക്കുള്ള ഒരു പാലമായി നിലയുറപ്പിച്ചിരിക്കുകയാണിത്.

